റഷ്യ- ചൈന കൂട്ടിയിടി ദിവസങ്ങള്‍ക്കകമെന്ന് മുന്നറിയിപ്പ്

ബഹിരാകാശത്ത് ദിവസങ്ങള്‍ക്കകം റഷ്യ- ചൈന കൂട്ടിയിടി സംഭവിച്ചേക്കുമെന്ന് മുന്നറിയിപ്പ്. കാലാവധി കഴിഞ്ഞ റഷ്യന്‍ സാറ്റലൈറ്റും ചൈനീസ് റോക്കറ്റിൻ്റെ ഭാഗവുമായി കൂട്ടിയിടിച്ചുണ്ടാകുന്ന ബഹിരാകാശ മാലിന്യങ്ങള്‍ നിരവധി സാറ്റലൈറ്റുകള്‍ക്ക് ഭീഷണിയാകുമെന്ന മുന്നറിയിപ്പും ഗവേഷകർ നൽകുന്നു. ബഹിരാകാശ മാലിന്യങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്ന ലിയോ ലാബ്‌സ് ആണ് ഈ റഷ്യന്‍ ചൈനീസ് കൂട്ടിയിടിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്. വ്യാഴാഴ്ച ഈ കൂട്ടിയിടി സംഭവിക്കാന്‍ 25 ശതമാനം സാധ്യതയുണ്ടെന്നാണ് ലിയോ ലാബ്‌സ് അറിയിച്ചിരിക്കുന്നത്. 1989ല്‍ റഷ്യ വിക്ഷേപിച്ച നാവിഗഷന്‍ സാറ്റലൈറ്റാണ് ഒരു ഭാഗത്തുള്ളതെങ്കിൽ 2009ല്‍ വിക്ഷേപണത്തിന് ശേഷം ഭൂമിക്ക് ചുറ്റും കറങ്ങുന്ന ചൈനയുടെ ചാങ്‌സെങ് 4സി റോക്കറ്റാണ് മറുഭാഗത്തുള്ളത്.

റഷ്യന്‍ സാറ്റലൈറ്റും ചൈനീസ് റോക്കറ്റ് ഭാഗവും ചേര്‍ന്നാല്‍ ഏതാണ്ട് 2,800 കിലോഗ്രാം ഭാരം വരും. അതിനാൽ ഈ കൂട്ടിയിടി സംഭവിച്ചാല്‍ സാറ്റലൈറ്റുകള്‍ക്കും മറ്റും നാശം സംഭവിപ്പിക്കാന്‍ ശേഷിയുള്ള ആയിരക്കണക്കിന് ചെറുവസ്തുക്കൾ ചിതറിതെറിക്കും. ഭൂമിക്ക് ചുറ്റും കറങ്ങുന്ന വസ്തുക്കളുടെ എണ്ണത്തില്‍ അടുത്ത വര്‍ഷങ്ങളില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ബഹിരാകാശ മാലിന്യങ്ങളുമായുള്ള കൂട്ടിയിടിക്കുള്ള സാധ്യതയും കൂടിയെന്ന് വിലയിരുത്തുന്നു. ഇത് സാറ്റലൈറ്റുകളുടെ മാത്രമല്ല ഭാവി ബഹിരാകാശ സഞ്ചാരികളുടെ ജീവന് വരെ ഭീഷണിയാണ്. സ്‌പേസ് എക്‌സിൻ്റെ സ്റ്റാര്‍ ലിങ്ക് പോലുള്ള ആയിരക്കണക്കിന് സാറ്റലൈറ്റുകള്‍ വിക്ഷേപിക്കുന്ന നിരവധി പദ്ധതികൾ സമീപഭാവിയില്‍ തന്നെ യാഥാര്‍ഥ്യമാകും. ഇതും ബഹിരാകാശത്തെ മനുഷ്യ നിര്‍മിത ട്രാഫിക് ജാം വർധിക്കാൻ കാരണമാകുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Share via
Copy link
Powered by Social Snap