ഓസോൺ പാളിയിൽ രൂപപ്പെട്ടത് ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ ദ്വാരം

അന്‍റാര്‍ട്ടിക്കിന് മുകളിലുള്ള ഓസോണ്‍പാളിയുടെ ഭാഗത്ത് സമീപകാലത്തെ ഏറ്റവും വലിയ ദ്വാരം രൂപപ്പെട്ടു. ഓസോണ്‍ പാളിയില്‍ ഉണ്ടായിരിക്കുന്നത് ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ ദ്വാരമാണെന്ന് ഗവേഷകര്‍ പറയുന്നു. ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ അനുസരിച്ച് 23 ദശലക്ഷം ചതുരശ്ര കിലോമീറ്ററാണ് ഈ ദ്വാരത്തിന്‍റെ വലുപ്പം. അതായത് ലോകത്തെ ഏറ്റവും വലിയ രാജ്യമായ റഷ്യയേക്കാള്‍ വലുപ്പമുണ്ട് ഈ ഓസോണ്‍ ദ്വാരത്തിന്. ലോക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് ഈ ഓസോണ്‍ ദ്വാരത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിട്ടത്. ശക്തിയേറിയ പോളാര്‍ വെര്‍ട്ടക്സ് എന്ന പ്രതിഭാസമാണ് ഈ ഓസോണ്‍ ദ്വാരത്തിന്‍റെ രൂപപ്പെടലിന് കാരണമായതെന്നാണ് കരുതുന്നത്. അതുകൊണ്ട് തന്നെ ഈ ഓസോണ്‍ ദ്വാരം സ്ഥിരമായി നിലനില്‍ക്കാന്‍ സാധ്യതയില്ല.

ഓഗസ്റ്റിനും ഒക്ടോബറിനും ഇടയിലാണ് ഓസോണ്‍ പാളിയിലെ ദ്വാരം ഇത്രയധികം വലുതായതെന്ന് ഗവേഷകര്‍ വിശദീകരിക്കുന്നു. അതേസമയം ഭൂമിയില്‍ ഇപ്പോഴുണ്ടാകുന്ന കാലാവസ്ഥാ മാറ്റങ്ങളുമായി ഈ ഓസോണ്‍ ദ്വാരത്തിന് ബന്ധമില്ലെന്നതാണ് ആശ്വാസകരമായ കാര്യം. അതാത് സമയത്തെ കാലാവസ്ഥാ സാഹചര്യങ്ങളനുസരിച്ച് ഓസോണ്‍ പാളിയുടെ വലുപ്പം ഏറിയും കുറഞ്ഞും കാണപ്പെടാറുണ്ട്. ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയുള്ള സമയത്താണ് ഇത് രൂപപ്പെടുന്നത്. തുടര്‍ന്ന് വര്‍ഷാവസാനം ആകുമ്പോഴേക്കും ഈ ദ്വാരം ചുരുങ്ങുകയും ചെയ്യും. കോപ്പര്‍നിക്കസ് അറ്റ്മോസ്ഫറിക് മോണിട്ടറിങ് സര്‍വീസ്, നാസ, കാനഡയുടെ ഔദ്യോഗിക കാലാവസ്ഥാ ഏജന്‍സി എന്നവയുടെ സഹായത്തോടെയാണ് ഓസോണ്‍ പാളിയെ ലോക കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം പഠനവിധേയമാക്കുന്നത്.

ഭൂമിക്ക് മുകളിലുള്ള അന്തരീക്ഷപാളിയായ സ്ട്രാറ്റോസ്ഫിയറില്‍ 15 കിലോമീറ്ററിനും 30 കിലോമീറ്ററിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന മേഖലയെ ആണ് ഓസോണ്‍ പാളി എന്നു വിളിക്കുന്നത്. മനുഷ്യനിര്‍മിതമായ രാസവസ്തുക്കളാണ് ഓസോണ്‍ പാളിയുടെ നാശത്തിനു കാരണമാകുന്നത്. 1970 കളിലാണ് ഇത് ആദ്യമായി ശ്രദ്ധയില്‍ പെട്ടത്. റഫ്രിജറേറ്ററുകളിലും മറ്റും തണുപ്പിക്കാന്‍ ഉപയോഗിക്കുന്ന ഗ്യാസിലെ ഘടകങ്ങളാണ് ഓസോണില്‍ സുഷിരമുണ്ടാക്കുന്നതില്‍ നിർണായക പങ്കുവഹിക്കുന്നത്. ഓരോ വര്‍ഷവും ഓസോണ്‍ ദ്വാരം രൂപപ്പെടുന്നതിന്‍റെ അളവില്‍ വ്യത്യാസമുണ്ടാകാറുണ്ട്. ഇതിന് ആഗോളതലത്തിലും, ദ്വാരം രൂപപ്പെട്ട പ്രദേശത്തുണ്ടാണ്ടായിട്ടുള്ള കാലാവസ്ഥാ മാറ്റങ്ങളുമാണ് പ്രധാന കാരണം.

Leave a Reply

Your email address will not be published. Required fields are marked *

Share via
Copy link
Powered by Social Snap