ഇന്ത്യക്ക് യാത്രാ വിലക്കേര്‍പ്പെടുത്തിയ സൗദിയുടെ നടപടി പ്രവാസികളെ ഒഴിവാക്കാനുള്ള തന്ത്രമോ?

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അഞ്ചു മാസത്തിലേറെയായി ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സൗദി അറേബ്യയുടെ നടപടി ഗൂഢാലോചനയുടെ ഭാഗമോ? സ്വകാര്യ മേഖലയില്‍ ഉള്‍പ്പെടെ സൗദിവല്‍ക്കരണം ശക്തിപ്പെടുത്താന്‍ ഭരണകൂടം തുടരുന്ന നടപടികളുടെ ഭാഗമായി ഇന്ത്യന്‍ പ്രവാസികളെ പരമാവധി ഒഴിവാക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണോ നടപടിയെന്നാണ് ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന സംശയം.ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് മാസങ്ങളായി തുടരുന്ന വിലക്കു കാരണം സൗദിയിലേക്ക് തിരിച്ചുപോവാനാവാതെ നാട്ടില്‍ കുടുങ്ങുകയും ജോലി നഷ്ടമാവുകയും ചെയ്ത മലയാളികള്‍ ഉള്‍പ്പെടെ പതിനായിരക്കണക്കിന് ഇന്ത്യക്കാര്‍ ദുരിതത്തിലാണ്. സൗദിയുടെ ഈ തീരുമാനത്തില്‍ രോഷാകുലരായ പ്രവാസികള്‍ തന്നെയാണ് സൗദിയിലെ ഇന്ത്യന്‍ എംബസി വെബ്‌സൈറ്റിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഇത്തരമൊരു സംശയം ഉന്നയിച്ചിരിക്കുന്നത്.

കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ തൊഴില്‍ മേഖലയിലുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ വിദേശികളുടെ എണ്ണം പരമാവധി കുറയ്ക്കുകയും സ്വകാര്യ മേഖലയില്‍ സ്വദേശികള്‍ക്ക് പരമാവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന നടപടികളാണ് നിലവിൽ സൗദി ഭരണകൂടം സ്വീകരിച്ചു കൊണ്ടിരിക്കുന്നതു. ഇതിന്റെ ഭാഗമായി രാജ്യത്തെ വിവിധ തൊഴില്‍ മേഖലകള്‍ സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിക്കൊണ്ട് ഭരണകൂടം കഴിഞ്ഞ ദിവസങ്ങളിലായി തീരുമാനമെടുത്തിരുന്നു.

മൂന്നരക്കോടിയിലേറെയാണ് സൗദിയിലെ ജനസംഖ്യ. ഇതില്‍ 37 ശതമാനത്തിലേറെ പ്രവാസികളാണെന്നാണ് കണക്കുകള്‍. സൗദിയിലെ പ്രവാസി ജസംഖ്യയില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരാണ്. നിലവില്‍ 26 ലക്ഷത്തിലേറെ ഇന്ത്യക്കാര്‍ രാജ്യത്തുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.പ്രവാസികള്‍ക്ക് നിശ്ചിത സമയപരിധി നിശ്ചയിക്കാനുള്ള കരട് ബില്ല് തയ്യാറായിക്കഴിഞ്ഞു. ആറ് വര്‍ഷത്തേക്ക് മാത്രം പ്രവാസികളെ അനുവദിച്ചാല്‍ മതിയെന്നാണ് ബില്ലിലെ ശുപാര്‍ശ. എന്നാല്‍ അത്യാവശ്യ ഘട്ടങ്ങളില്‍ ഒരു തവണ കൂടി പുതുക്കാന്‍ അവസരം നല്‍കും. അതായത് നിയമം വരുന്നതോടെ ഒരു പ്രവാസിക്ക് സൗദിയില്‍ തൊഴില്‍ ചെയ്യാനാവുന്ന പരമാവധി കാലയളവ് 12 വര്‍ഷമാവും. ഇതുവഴി ഉന്നത തസ്തികകളിലേക്ക് പ്രവാസികള്‍ എത്തുന്നത് ഒഴിവാക്കാനാവുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.

Leave a Reply

Your email address will not be published. Required fields are marked *

Share via
Copy link
Powered by Social Snap