‘നാരായണസ്വാമിയുടെ പേര് വെട്ടി കോണ്‍ഗ്രസ്’ പുതുച്ചേരിയിലെ സ്ഥാനാർഥി പട്ടിക

നിയമസഭാ തെരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രി വി നാരായണസ്വാമിക്ക് സീറ്റ് നൽകാതെ കോൺഗ്രസിൻ്റെ സ്ഥാനാർഥി പട്ടിക. 15 സീറ്റില്‍ 14 ഇടത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചപ്പോഴാണ് മുഖ്യമന്ത്രി സ്ഥാനാർഥിയാകുമെന്ന് കരുതിയ നാരായണസ്വാമിക്ക് സീറ്റ് നിഷേധിച്ചത്.കോൺഗ്രസിൻ്റെ ആദ്യ പട്ടികയിൽ നിന്നാണ് നാരായണസ്വാമി പുറത്തായത്. പട്ടികയിൽ നിന്നും പുറത്തായെങ്കിലും അദ്ദേഹം തെരഞ്ഞെടുപ്പ് പ്രചാരണം മുന്നിൽ നിന്ന് നയിക്കുമെന്ന് കോൺഗ്രസ് നേതാവ് ദിനേഷ് ഗുണ്ടറാവു വ്യക്തമാക്കി. അവശേഷിക്കുന്ന ഒരു സീറ്റിൽ ഉടൻ പ്രഖ്യാപനം ഉണ്ടാകുമെങ്കിലും ഈ സീറ്റിലേക്ക് നാരായണസ്വാമിയെ പരിഗണിക്കുമോ എന്ന കാര്യം വ്യക്തമല്ല.

നാരായണസ്വാമിക്ക് സീറ്റ് നിഷേധിച്ചതിൽ കോൺഗ്രസിലെ ഒരു വിഭാഗത്തിൽ നിന്നും എതിർപ്പ് ശക്തമായി. മുൻ മുഖ്യമന്ത്രിക്ക് സീറ്റ് നിഷേധിച്ച നടപടിയെ അനീതി എന്നാണ് ഇവർ വിശേഷിപ്പിച്ചത്. സഖ്യകക്ഷിയായ ഡി എം കെയുടെ എതിർപ്പ് മൂലമാണ് നാരായണസ്വാമിക്ക് സീറ്റ് നിഷേധിച്ചതെന്ന സ്ഥീരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

ബിജെപിയുടെ അട്ടിമറി ശ്രമങ്ങളെ പ്രതിരോധിക്കാൻ നാരായണസ്വാമിക്ക് കഴിഞ്ഞില്ലെന്ന് ഡിഎംകെ കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നു. നാരായണസ്വാമിക്കെതിരെ ഡിഎംകെ അധ്യക്ഷൻ എംകെ സ്‌റ്റാലിൻ ഹൈക്കമാൻഡിന് മുന്നിൽ അതൃപ്‌തി അറിയിച്ചിരുന്നു. കോണ്‍ഗ്രസ് വിട്ടു വന്ന രണ്ട് പേര്‍ക്ക് സീറ്റ് നല്‍കി ബിജെപി സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Share via
Copy link
Powered by Social Snap