രാഹുലിനെതിരെ വിവാദ പ്രസ്‌താവനയുമായി ജോയ്‌സ് ജോർജ്

നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ പ്രചാരണ പ്രവർത്തനങ്ങൾ വേഗത്തിലാകി മുന്നണികൾ. ദേശീയ നേതാക്കളെ രംഗത്തിറക്കി പ്രചാരണം കൊഴുപ്പിക്കാനാണ് കോൺഗ്രസും ബിജെപിയും ശ്രമിക്കുന്നത്. ഇതിനിടെ കോൺഗ്രസ് മുൻ അധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിക്കെതിരെ വിവാദ പ്രസ്‌താവന നടത്തിയ ഇടുക്കി മുൻ എംപിയും അഭിഭാഷകനുമായ ജോയ്‌സ് ജോർജിനെതിരെ പ്രതിഷേധം ശക്തമാകുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്കിടെയാണ് രാഹുലിനെ അധിക്ഷേപിക്കുന്ന പരാമർശമുണ്ടായത്.

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി കേരളത്തിലെത്തിയ രാഹുൽ ഗാന്ധി എറണാകുളം സെന്റ് തെരേസാസ് കോളേജിലെത്തി വിദ്യാർഥികളുമായി സംവദിച്ചിരുന്നു. ഇതിനിടെ ജാപ്പനീസ് ആയോധന കലയായ ഐക്കിഡോയുടെ അടിസ്ഥാന തത്വങ്ങൾ പറഞ്ഞ് തരുമോ എന്ന് ഒരു വിദ്യാർഥിനി രാഹുലിനോട് ചോദിച്ചിരുന്നു. ആവശ്യം സ്വീകരിച്ച രാഹുൽ വിവരങ്ങൾ പങ്കുവയ്‌ക്കുകയും ചെയ്‌തു. ഈ പശ്ചാത്തലത്തിലാണ് ജോയ്‌സ് ജോർജ് രാഹുലിനെതിരെ വിവാദ പരാമർശം നടത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലെ കോളേജുകളിലും രാഹുൽ ഗാന്ധി സന്ദർശനം നടത്തിയിരുന്നു.രാഹുൽ ഗാന്ധിക്കെതിരായ ജോയ്‌സ് ജോർജിൻ്റെ പരാമർശത്തിൽ പരാതി നൽകുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. സംസ്ഥാന പോലീസ് മേധാവിക്ക് പരാതി കൈമാറുമെന്ന് ഡിസിസി പ്രസിഡൻ്റ് ഇബ്രാഹിംകുട്ടി കല്ലാർ പറഞ്ഞു. വിവാദ പ്രസ്‌താവനയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് കോൺഗ്രസ് നേതാവ് ഡീൻ കുര്യാക്കോസും വ്യക്തമാക്കി. ജോയ്‌സ് മ്ലേച്ഛനാണെന്ന് അദ്ദേഹം തെളിയിച്ചു. അവനവൻ്റെ ഉള്ളിലുള്ള അശ്ലീലമാണ് പുറത്തുവരുന്നതെന്നും ഡീൻ കുറ്റപ്പെടുത്തി. അതേസമയം, സംഭവത്തിൽ പ്രതികരിക്കൻ സിപിഎം നേതൃത്വമോ എംഎം മണിയോ ഇതുവരെ തയ്യാറായിട്ടില്ല.

ഇടുക്കിയിലെ ഉടുമ്പൻചോല നിയോജക മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിയും മന്ത്രിയുമായ എംഎം മണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇരട്ടയാറിലെ പൊതുയോഗത്തിൽ സംസാരിക്കുന്നതിനിടെയാണ് ജോയ്‌സ് ജോർജ് വിവാദ പരാമർശം നടത്തിയത്. എംഎം മണിയടക്കമുള്ള നേതാക്കൾ വേദിയിൽ ഇരുക്കുമ്പോഴാണ് രാഹുൽ ഗാന്ധിക്കെതിരെ മുൻ എംപി മോശം ഭാഷയിൽ സംസാരിച്ചത്. തൻ്റെ ഫേസ്‌ബുക്ക് പേജിലൂടെ പ്രസംഗം ലൈവായി ജോയ്‌സ് ജോർജ് പങ്കുവച്ചിരുന്നു.

പെണ്‍കുട്ടികള്‍ രാഹുല്‍ ഗാന്ധിയുടെ മുന്നില്‍ വളഞ്ഞും കുനിഞ്ഞും നില്‍ക്കരുതെന്നാണ് തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുന്നതിനിടെ ജോയിസ് ജോര്‍ജ് പറഞ്ഞത്. “പെൺകുട്ടികളുള്ള കോളേജിൽ മാത്രമേ രാഹുൽ പോകാറുള്ളൂ. വളഞ്ഞു നിൽക്കാനും നിവർന്നു നിൽക്കാനുമാണ് അദ്ദേഹം പഠിപ്പിക്കുന്നത്. എൻ്റെ പൊന്ന് മക്കളെ പെണ്ണൊന്നും കെട്ടിയിട്ടില്ലാത്ത രാഹുലിൻ്റെ മുന്നിൽ വളയാനും കുനിയാനും ഒന്നും പോയേക്കല്ല്. ഇതൊക്കെയാണ് അദ്ദേഹത്തിൻ്റെ പരിപാടി. ഇതൊക്കെയായിട്ടാണ് ഇപ്പോൾ നടപ്പ്” – എന്നുമായിരുന്നു ജോയ്‌സ് ജോർജിൻ്റെ വിവാദ പ്രസ്‌താവന.

6 thoughts on “രാഹുലിനെതിരെ വിവാദ പ്രസ്‌താവനയുമായി ജോയ്‌സ് ജോർജ്

Leave a Reply

Your email address will not be published. Required fields are marked *

Share via
Copy link
Powered by Social Snap