ധര്‍മടത്തേക്ക് സുധാകരനെ ഇറക്കാന്‍ ഉമ്മന്‍ ചാണ്ടി

നേമത്ത് ബിജെപിയെയും സിപിഎമ്മിനെയും ഒരുപോലെ ഞെട്ടിച്ചതിന് പിന്നാലെ ധര്‍മടത്തും ഞെട്ടിക്കാന്‍ കോണ്‍ഗ്രസ്. ഏറ്റവും പ്രമുഖ നേതാവിനെ തന്നെ ഇവിടെയിറക്കണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യം. എങ്കിലത് കണ്ണൂര്‍ ജില്ലയില്‍ തന്നെ വലിയ തരംഗമുണ്ടാക്കുമെന്നാണ് വാദം. സമീപകാല തിരഞ്ഞെടുപ്പില്‍ നിന്ന് വ്യത്യസ്തമായി കടുത്ത രീതിയില്‍ തന്നെ സിപിഎമ്മിനെ നേരിടാനാണ് കോണ്‍ഗ്രസിന്റെ നീക്കം. കെ സുധാകരനെ മത്സരിപ്പിക്കുന്നതിനോട് സംസ്ഥാന നേതൃത്വത്തിന് വലിയ എതിര്‍പ്പുകളില്ല.

ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ സുധാകരനെ മത്സരിപ്പിക്കുന്ന കാര്യം കോണ്‍ഗ്രസിന്റെ സജീവ പരിഗണനയിലാണ്. ഇതിലൂടെ രണ്ട് കാര്യങ്ങളാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ഒന്ന് സുധാകരനുമായുള്ള പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കുക. ഹൈക്കമാന്‍ഡ് വരെ സുധാകരന്‍ തുറന്നടിച്ചതില്‍ ആകെ ആശങ്കയിലാണ്. ഈ സാഹചര്യത്തില്‍ അദ്ദേഹത്തെ മത്സരിപ്പിച്ചാല്‍ പ്രശ്‌നത്തിന് പരിഹാരം കാണാം. രണ്ടാമത്തേത് അദ്ദേഹം പ്രചാരണത്തില്‍ സജീവമാകുകയും ചെയ്യും.

സുധാകരനും മത്സരിക്കുന്ന കാര്യത്തില്‍ രണ്ട് മനസ്സോടെയാണ് നില്‍ക്കുന്നത്. ആദ്യം ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്ന് പറഞ്ഞ സുധാകരന്‍ പിന്നീട് അത് തിരുത്തി. താന്‍ മത്സരിക്കുമെന്ന് പറഞ്ഞിട്ടില്ലെന്നാണ് ഇപ്പോള്‍ പറയുന്നത്. നേതൃത്വത്തിന്റെ വെല്ലുവിളി ഏറ്റെടുത്ത് മത്സരിക്കുന്നത് തന്നെ ഒതുക്കാനുള്ള നീക്കമായും സുധാകരന്‍ കാണുന്നുണ്ട്. കണ്ണൂരില്‍ അദ്ദേഹം നിര്‍ദേശിച്ച സ്ഥാനാര്‍ത്ഥികളെ വെട്ടുന്നതും, ഒപ്പം ധര്‍മടത്ത് തോറ്റാല്‍ അതോടൊപ്പമുള്ള തിരിച്ചടികളും സുധാകരന്‍ മുന്നില്‍ കാണുന്നുണ്ട്.
ഉമ്മന്‍ ചാണ്ടി ഹൈക്കമാന്‍ഡ് നിര്‍ദേശത്തെ തുടര്‍ന്ന് വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. മത്സരിക്കാന്‍ ആഗ്രഹമുണ്ടോ എന്നും അന്വേഷിച്ചിട്ടുണ്ട്. കെസി വേണുഗോപാലിനെതിരെ സുധാകരന്‍ രംഗത്ത് വന്നതോടെ ഹൈക്കമാന്‍ഡ് പ്രതിരോധത്തിലാണ്. ഇത് പരിഹരിച്ച് സുധാകരനെ ഒപ്പം നിര്‍ത്താനാണ് ഉമ്മന്‍ ചാണ്ടി സീറ്റ് ഓഫര്‍ ചെയ്തിരിക്കുന്നത്. ഒപ്പം രമേശ് ചെന്നിത്തലയും സുധാകരനുമായി ചര്‍ച്ച നടത്തി. ഇക്കാര്യത്തില്‍ സുധാകരനെ സമ്മര്‍ദത്തിലാക്കില്ലെന്ന് പാര്‍ട്ടി അറിയിച്ചിട്ടുണ്ട്.

സുധാകരന് ധര്‍മടത്ത് നിന്ന് ശക്തമായ പിന്തുണയാണ് ലഭിക്കുന്നത്. ധര്‍മടത്തെ രണ്ട് ബ്ലോക്ക് പ്രസിഡന്റുമാരും പത്ത് മണ്ഡലം പ്രസിഡന്റുമാരും സുധാകരനെ കണ്ട് മത്സരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ധര്‍മടത്തുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ എകെ ആന്റണിയെ നേരിട്ട് വിളിച്ചു. സുധാകരനെ മത്സരിപ്പിക്കുന്നതിനായി ഇടപെടണമെന്നാണ് ആവശ്യപ്പെട്ടത്. ഹൈക്കമാന്‍ഡ് നിര്‍ബന്ധിച്ചാല്‍ നോക്കാമെന്നാണ് സുധാകരന്‍ കണ്ണൂരിലെ നേതാക്കളെ അറിയിച്ചത്. എന്നാല്‍ പൂര്‍ണ സമ്മതം അറിയിച്ചിട്ടില്ല.

1 thought on “ധര്‍മടത്തേക്ക് സുധാകരനെ ഇറക്കാന്‍ ഉമ്മന്‍ ചാണ്ടി

Leave a Reply

Your email address will not be published. Required fields are marked *

Share via
Copy link
Powered by Social Snap