എന്‍ഡിഎ വിട്ട് പിസി തോമസ്; പിജെ ജോസഫുമായി ലയിക്കുന്നു

കേരള കോണ്‍ഗ്രസ് (എം) എന്ന പാര്‍ട്ടി പേരിനും ചിഹ്നത്തിനുമുള്ള അവസാന ശ്രമവും പരാജയപ്പെട്ടതോടെ പുതിയ പാര്‍ട്ടി രൂപീകരിക്കാനുള്ള ശ്രമത്തിലായിരുന്നു പിജെ ജോസഫ്. എന്നാല്‍ തിരഞ്ഞെടുപ്പിന് മുമ്പ് പുതിയ പാര്‍ട്ടിയുടെ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ല എന്ന് തിരിച്ചറിഞ്ഞതോടെ മറ്റ് സാധ്യകള്‍ പിജെ ജോസഫ് അന്വേഷിച്ചത്. ഇതിനിടയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്ട്രേഷനില്‍ ഉള്ള ഏതെങ്കിലും ചെറു പാര്‍ട്ടിയില്‍ ലയിക്കുകയെന്ന ആലോചന തുടങ്ങിയത്. ഈ ആലോചന ഇപ്പോള്‍ പിസി തോമസ്-പിജെ ജോസഫ് ലയനത്തില്‍ എത്തിയിരിക്കുകയാണ്. ഇതോടെ പിസി തോമസിന്‍റെ എന്‍ഡിഎ വിടലിലും കലാശിച്ചിരിക്കുകയാണ്.

കേരള കോണ്‍ഗ്രസിന്‍റെ അധികാര തര്‍ക്കത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നും തിരിച്ചടിയേറ്റതിന് പിന്നാലെ തന്നെ പിസി തോമസുമായി ലയനത്തിനുള്ള സാധ്യതകള്‍ പിജെ ജോസഫ് തേടിയുന്നു. പിസി തോമസില്‍ നിന്നും അനുകൂല സമീപനം ഉണ്ടായി. ബിജെപി നയിക്കുന്ന എന്‍ഡിഎ മുന്നണിയില്‍ ആയിരുന്ന അദ്ദേഹം ബിജെപിക്കെതിരെ നിശിതമായ വിമര്‍ശനവുമായി രംഗത്ത് വന്നു.ഇതോടെ ഏത് നിമിശവും പിജെ ജോസഫ്-പിസി തോമസ് ലയനം ഉണ്ടാവുമെന്ന സൂചനയുണ്ടായി. എന്നാല്‍ പിസി തോമസ് വിഭാഗത്തെ ബിജെപി നേരില്‍ കണ്ട് അനുനയിപ്പിച്ചതോടെ അദ്ദേഹം മയപ്പെട്ടു. മുന്നണി വിടുമെന്ന് ഭീഷണി മുഴക്കിയ അദ്ദേഹം പിന്നീട് കെ സുരേന്ദ്രന്‍ നയിച്ച വിജയയാത്രയില്‍ സജീവമായി പങ്കെടുക്കുകയും ചെയ്തു.

എന്നാല്‍ പുതിയ സാഹചര്യത്തില്‍ ലയനം എന്നത് രണ്ട് പേര്‍ക്കും ആവശ്യ ഘടകമായി വന്നു. രണ്ടില ചിഹ്നത്തിനായുള്ള പോരാട്ടതിന് സുപ്രീംകോടതിയില്‍ നിന്നും തിരിച്ചടിയേറ്റതോടെ കാര്യങ്ങള്‍ എത്രയും പെട്ടെന്ന് നീക്കേണ്ട സാഹചര്യം ജോസഫിന് മുന്നില്‍ സംജാതമായി. നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പത്ത് സ്ഥാനാര്‍ത്ഥികള്‍ക്കും ഒരേ ചിഹ്നം ലഭിക്കണമെങ്കില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്ട്രേഷന്‍ വേണം.പുതിയ പാര്‍ട്ടി രജിസ്ട്രേഷനായുള്ള സാധ്യതകള്‍ തേടിയെങ്കിലും അതിന് മതിയായ സമയവും ഇല്ല. ഇതോടെയാണ് പഴയ ലയന സാധ്യതകള്‍ പിജെ ജോസഫ് വീണ്ടും പുനഃരാലോചിച്ചത്. പിസി തോമസ് ആവട്ടെ എന്‍ഡിഎയിലെ സീറ്റ് വിഭജനത്തില്‍ കടുത്തു അതൃപ്തിയിലുമായിരുന്നു. കഴിഞ്ഞ തവണ നാല് സീറ്റില്‍ മത്സരിച്ച പാര്‍ട്ടിക്ക് ഇത്തവണ ഒരു സീറ്റ് പോലും നല്‍കിയില്ല.

ലയനത്തോടെ കേരള കോണ്‍ഗ്രസ് എന്ന പേരും അവരുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ കസേരയും അവര്‍ക്ക് ലഭിക്കും. എന്നാല്‍ ലയനത്തിന് ശേഷം തന്‍റെ പഴയ ചിഹ്നമായ സൈക്കിള്‍ ചിഹ്നത്തിലേക്ക് ജോസഫ് മാറിയേക്കും. പുതിയ പാര്‍ട്ടിയുടെ ചെയര്‍മാന്‍ പിജെ ജോസഫും ഡപ്യൂട്ടി ചെയര്‍മാന്‍ പിസി തോമസും ആയിരിക്കും. ഇത്തവണ മത്സരത്തിനില്ലെന്ന് പിസി തോമസ് വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Share via
Copy link
Powered by Social Snap