സോളാർ പീഡനക്കേസ്: ഉമ്മൻചാണ്ടിക്കെതിരെ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്

സോളാര്‍ പീഡന കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവ് ഇല്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. സംഭവം നടന്നുവെന്ന് പരാതിക്കാരി പറയുന്ന ദിവസം മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി ക്ലിഫ് ഹൗസിൽ ഇല്ലായിരുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അന്നേ ദിവസം പരാതിക്കാരി ക്ലിഫ് ഹൗസിൽ എത്തിയതിനും തെളിവില്ലെന്ന് മാതൃഭൂമി ന്യൂസ് പുറത്തുവിട്ട ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

2018ലാണ് പരാതിക്കാരുടെ മൊഴി പ്രകാരം ഉമ്മന്‍ ചാണ്ടി അടക്കമുള്ളവരെ പ്രതികളാക്കി ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. തുടര്‍ന്ന് രണ്ടര വര്‍ഷം ക്രൈംബ്രാഞ്ച് കേസില്‍ അന്വേഷണം നടത്തി വരികെയാണ് കേസ് ഈ വർഷം ആദ്യം സിബിഐക്ക് വിടുന്നത്. പരാതിക്കരിയുടെ ആവശ്യം പരിഗണിച്ചാണ് കേസ് സിബിഐയ്ക്ക് വിടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. ക്ലിഫ് ഹൗസില്‍വെച്ച് 2012 സെപ്തംബര്‍ 19 ന് ഉമ്മന്‍ചാണ്ടി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. കൃത്യം നടന്നുവെന്ന് പറയുന്ന സമയത്ത് ക്ലിഫ് ഹൗസില്‍ ഉണ്ടായിരുന്നു പൊലീസുകാര്‍, ജീവനക്കാര്‍, മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ്, മറ്റ് ആളുകള്‍ എന്നിവരെ ചോദ്യം ചെയ്തതിന് ശേഷമാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇതനുസരിച്ച് പീഡനം നടന്നുവെന്ന് പറയുന്ന സമയത്ത് ഉമ്മന്‍ചാണ്ടിയോ പരാതിക്കാരിയോ സ്ഥലത്ത് ഉണ്ടായിരുന്നുവെന്നതിന് തെളിവില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ടെലിഫോൺ രേഖകൾ ശേഖരിക്കാൻ കഴിയാതിരുന്നതും തെളിവുകളുടെ അഭാവത്തിന് കാരണമായി. സംഭവം നടന്ന് ഏഴ് വർഷം ആയതിനാൽ സർവീസ് പ്രൊവൈഡർമാരിൽ നിന്ന് രേഖകൾ ലഭിച്ചില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു.

അതേസമയം ക്രൈംബ്രാഞ്ച് റിപ്പോർട്ട് സർക്കാരിന് തിരിച്ചടിയാകും. തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് ഉമ്മൻചാണ്ടിക്കെതിരായ നീക്കം രാഷ്ട്രിയമായി വ്യക്തി വിരോധം തീർക്കാനാണെന്ന ആക്ഷേപം ഉയർന്നുവന്നിരുന്നു. ഇതിനിടയിലാണ് ഉമ്മൻചാണ്ടിക്കെതിരെ തെളിവില്ലെന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ടും പുറത്തു വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Share via
Copy link
Powered by Social Snap