മോദിയുടെ റാലിക്ക് സംസ്ഥാന സർക്കാർ അനുമതി നൽകുന്നില്ല; വിമർശനവുമായി നേതൃത്വം

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സംസ്ഥാനത്ത് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിക്ക് സംസ്ഥാന സർക്കാർ അനുമതി നൽകുന്നില്ലെന്ന് ബിജെപി ദേശീയ സെക്രട്ടറി സിപി രാധാകൃഷ്ണൻ. കേരളത്തിന്‍റെ ചുമതലയുള്ള ബിജെപി നേതാവാണ് സിപി രാധാകൃഷ്ണൻ. സംസ്ഥാനത്ത് പരാജയ ഭീതിയിൽസിപിഎം അക്രമം അഴിച്ച് വിടുകയാണെന്നും ബിജെപി നേതാവ് കുറ്റപ്പെടുത്തി.നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രധാനമന്ത്രി പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് റാലികൾക്ക് സംസ്ഥാന സർക്കാർ അനുമതി നൽകുന്നില്ലെന്നാണ് ബിജെപി ദേശീയ സെക്രട്ടറി സിപി രാധാകൃഷ്ണൻ ആരോപിക്കുന്നത്. കോന്നിയിലും തിരുവനന്തപുരത്തും തെരഞ്ഞെടുപ്പു പ്രചാരണത്തിന് എത്തുന്ന നരേന്ദ്രമോദിയുടെ റാലിക്ക് സംസ്ഥാന സർക്കാർ ഇതുവരെ അനുമതി നൽകിയില്ലെന്ന് അദ്ദേഹം പറഞ്ഞതായി മാതൃഭൂമിയാണ് റിപ്പോർട്ട് ചെയ്തത്. റാലിക്ക് തടയിടാനാണ് ശ്രമമെന്ന് ആരോപിച്ച അദ്ദേഹം ഇത്തരം ജനാധിപത്യവിരുദ്ധ നടപടികൊണ്ടൊന്നും എൻഡിഎയുടെ വിജയത്തെ തയാനാവില്ലെന്നും പറഞ്ഞു.

കാട്ടാക്കടയിലും മറ്റും ബിജെപി പ്രവർത്തകർക്കുനേരെ സിപിഎം അക്രമം അഴിച്ചുവിടുന്നത് പരാജയഭീതിയിലാണെന്ന് സിപി രാധാകൃഷ്ണൻ ആരോപിച്ചു. ത്രിപുരയിലും ബംഗാളിലും സംഭവിച്ചത് കേരളത്തിലും ഉണ്ടാകും. ശബരിമല വിഷയത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പാർട്ടി ജനറൽ സെക്രട്ടറി ഡി. രാജയുടെ അഭിപ്രായത്തെ തള്ളിപ്പറഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.ബിജെപി സ്ഥാനാർഥികളുടെ നാമനിർദേശ പത്രിക തള്ളിപ്പോയ തലശേരിയിലും ഗുരുവായൂരും എന്തുനിലപാട് സ്വീകരിക്കണമെന്ന് രണ്ടുദിവസത്തിനകം തീരുമാനിക്കുമെന്നും സിപി രാധാകൃഷ്ണൻ പറഞ്ഞു. ഗുരുവായൂരിൽ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടിയുടെ ദിലീപ് നായരെ പിന്തുണയ്ക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഇക്കാര്യത്തിൽ ഇതുവരെയും ധാരണയായിട്ടില്ല. ഡിഎസ്ജെപിയ്ക്ക് പിന്തുണ നൽകുന്നതിനെതിരെ മുന്നണിയിലെ ഒരുവിഭാഗം രംഗത്തെത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.

എൻഡിഎയ്ക്ക് സ്ഥാനാർഥി ഇല്ലെങ്കിൽ അവർക്ക് പോവുമെന്ന് കരുതുന്ന അനുഭാവ വോട്ടുകൾ ജനവിധിയിൽ നിർണായകമാകും. ഈ വോട്ടുകൾ തങ്ങളുടെ പക്ഷത്തേക്ക് എത്തിക്കാനുള്ള തന്ത്രങ്ങളാകും ഇരുമുന്നണികളും സ്വീകരിക്കുക. ബിജെപി പ്രവർത്തകർക്ക് വോട്ടുമായി ബന്ധപ്പെട്ട നിർദേശം നേതൃത്വം നൽകുമെങ്കിലും സജീവ പ്രവർത്തകർക്ക് പുറമേയുള്ളവരുടെ വോട്ടുകൾ സ്വന്തം അക്കൗണ്ടിലെത്തിക്കാൻ യുഡിഎഫിനും എൽഡിഎഫിനും കഴിഞ്ഞേക്കും. ഇത്തരം വോട്ടുകൾ മണ്ഡലത്തിൽ നിർണായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

6 thoughts on “മോദിയുടെ റാലിക്ക് സംസ്ഥാന സർക്കാർ അനുമതി നൽകുന്നില്ല; വിമർശനവുമായി നേതൃത്വം

Leave a Reply

Your email address will not be published. Required fields are marked *

Share via
Copy link
Powered by Social Snap