‘കളവുകൾ കൊണ്ട് തോറ്റ യുവാവ്, വിവാഹ ചിത്രത്തെപ്പോലും വെറുതെ വിട്ടില്ല’!

ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡണ്ടും എല്‍ഡിഎഫിന്റെ ബേപ്പൂരിലെ സ്ഥാനാര്‍ത്ഥിയുമായ പിഎം മുഹമ്മദ് റിയാസിനെ കുറിച്ച് അഡ്വക്കേറ്റ് രശ്മിത രാമചന്ദ്രന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കളവുകള്‍ കൊണ്ട് കേവലം 838 വോട്ടുകള്‍ക്ക് തോറ്റ ആ യുവാവിനെ താന്‍ പിന്നെ കാണുന്നതൊക്കെയും ഉത്തരേന്ത്യയിലെ സമരഭൂമിയില്‍ ആയിരുന്നുവെന്ന് രശ്മിത രാമചന്ദ്രന്‍ കുറിക്കുന്നു. ഇന്നും അയാളുടെ ചോരയ്ക്കായ് കളവുകൂട്ടങ്ങള്‍ പിന്നാലെയുണ്ട്. രശ്മിത രാമചന്ദ്രന്റെ കുറിപ്പ് വായിക്കാം.

അഡ്വക്കേറ്റ് രശ്മിത രാമചന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപം:

” 1998ൽ അയാൾക്ക് സി പി ഐ (എം) അംഗത്വം കിട്ടി. അയാളെ 2009 ലെ ലോക്സഭാ ഇലക്ഷനിൽ പാർട്ടി ചിഹ്നത്തിൽ മത്സരിപ്പിയ്ക്കുന്നു. മണ്ഡലത്തിൽ ആഴത്തിൽ വേരുകളുള്ള പാർട്ടി ഒരുറച്ച സീറ്റ് യുവനേതാവിനായി നീക്കിവച്ചപ്പോൾ പലരും അത് യുവത്വത്തിനുള്ള അംഗീകാരമായിത്തന്നെ കരുതി, എന്നാൽ ആ സീറ്റിൽ കണ്ണുനട്ടു നിരാശനായിപ്പോയ ഒരു ഘടകകക്ഷി നേതാവ് , പ്രസ്തുത യുവ സ്ഥാനാർത്ഥി ആരോപണ വിധേയനായ – ”വെറുക്കപ്പെട്ടവനെന്നു ” വരെ വിശേഷിപ്പിയ്ക്കപ്പെട്ട – ഒരു വ്യവസായിയുടെ ബന്ധുവാണെന്ന് നുണ പറഞ്ഞു.കേരളത്തിലെ ശ്രദ്ധേയനായ ഒരു സാംസ്ക്കാരിക നേതാവ് ആ നുണ ഏറ്റുപറഞ്ഞു. വാസ്തവത്തിൽ ആ യുവാവ് ആ വ്യവസായിയുടെ ബന്ധു ആയിരുന്നില്ല എന്നു മാത്രമല്ല അയാളെ കണ്ടിട്ടു പോലുമില്ലായിരുന്നു! പക്ഷേ, സത്യാനന്തര കാലത്ത് ആര് നേരുകൾ തിരയാൻ! കേവലം 838 വോട്ടുകൾക്ക് യുവ സ്ഥാനാർത്ഥി തോറ്റു, കളവ് വിജയിച്ചു! പിന്നീട് ആ കളവുകൾ തോത്പിച്ച യുവാവിനെ ഞാൻ കാണുന്നതൊക്കെയും ഉത്തരേന്ത്യയിലെ സമരഭൂമിയിലായിരുന്നു.പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരത്തിൽ അയാളെ ദില്ലി പോലീസ് വലിച്ചിഴച്ചു കൊണ്ടു പോകുന്നതു കണ്ടു, പശു രാഷ്ട്രീയം ഭീഷണി ഉയർത്തിയ ഇടങ്ങളിൽ പതറാതെ പുരോഗമന രാഷ്ട്രീയം പറഞ്ഞു, മഹാരാഷ്ട്രയിലേയും ഹിന്ദി ഹൃദയ ഭൂമിയിലെയും സഖാക്കളെ സംഘടിപ്പിച്ച് പുരോഗമന യുവജനപ്രസ്ഥാനത്തെ പുതിയ കെട്ടുറപ്പിലേക്ക് നയിച്ചു, ചാനൽ ചർച്ചകളിൽ പ്രകോപിതമാകാത്ത സൗമ്യതയായി, സി പി ഐ (എമ്മിൻ്റെ ) സംസ്ഥാന കമ്മിറ്റിയംഗമായി!പാർട്ടി അംഗത്വം കിട്ടി 23 വർഷം കഴിഞ്ഞ ആ സംസ്ഥാന കമ്മിറ്റി അംഗത്തെ ആദ്യമായി നിയമസഭയിലേക്ക് നിർത്താൻ അയാളുടെ പാർട്ടി തീരുമാനിയ്ക്കുമ്പോൾ വീണ്ടും പഴയപടി ബന്ധുത്വ ആരോപണത്തിൻ്റെ വ്യാപാരികൾ കളം നിറഞ്ഞാടാൻ എത്തിയിട്ടുണ്ട്! അല്ലെങ്കിലും കളവുകൾ കൊണ്ടാണ് എന്നും ശത്രുക്കൾ അയാൾക്കെതിരെ നിന്നിരുന്നത് – അയാളുടെ വിവാഹ ചിത്രത്തെപ്പോലും അവർ വെറുതെ വിട്ടില്ല! അയാളുടെ വിവാഹ ചിത്രത്തിൽ കുറ്റാരോപിതരെ മോർഫ് ചെയ്ത് ചേർത്ത് പ്രചരിപ്പിയ്ക്കുന്നതിൽ ഉന്നത നേതാക്കന്മാർക്ക് വരെ പങ്കുണ്ടായിരുന്നു!അയാളുടെ വിവാഹത്തിൽ സംഘപരിവാരക്കൂട്ടം ന്യൂനപക്ഷ വിദ്വേഷത്തിൻ്റെ അസഭ്യം ചൊരിഞ്ഞു! എന്നും കളവുകളുടെ കൂട്ടങ്ങൾ അയാളുടെ ചോരയ്ക്കായ് പിന്നാലെ കൂടിയിരുന്നു! ഇന്നുമുണ്ട്! പക്ഷേ, സത്യാനന്തര കാലത്തോട് നിരന്തരമായി പൊരുതിയ നേരിൻ്റെ കരുത്തോടെ അയാൾ നിൽക്കുന്നു! ഇന്നലെകളുടെ വ്യാജ പ്രചാരണത്തെ എതിർത്ത ജനതയും അയാൾക്കൊപ്പം ഉണ്ട്!ഇന്ന് നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിയ്ക്കുന്ന അയാളുടെ പേര് മുഹമ്മദ് റിയാസ്! അഭിവാദ്യങ്ങൾ സഖാവ് മുഹമ്മദ് റിയാസ്!”

Leave a Reply

Your email address will not be published. Required fields are marked *

Share via
Copy link
Powered by Social Snap