പിണറായി വിജയൻ കിം ജോങ് ഉന്നിനെ പോലെ ഏകാധിപതി; വിമർശനവുമായി കേന്ദ്ര മന്ത്രി

മുഖ്യമന്ത്രി പിണറായി വിജയൻ കിം ജോങ് ഉന്നിനെ പോലെ ഏകാധിപതിയെന്ന് മുതിർന്ന ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ ഗിരിരാജ് സിങ്. മുഖ്യമന്ത്രിയുടെ ജില്ലയായ കണ്ണൂരിൽ പോലും ജനാധിപത്യ രീതിയല്ല. ഏകാധിപതിയെ പോലെയാണ് പെരുമാറുന്നതെന്നും കിം ജോങ് ഉന്നിനെ പോലെയാണ് പ്രവർത്തികളെന്നും അദ്ദേഹം വിമർശിച്ചു. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് കേന്ദ്ര ഫിഷറീസ് മന്ത്രിയുടെ വാക്കുകൾ.

ജനാധിപത്യ വ്യവസ്ഥയിൽ എതിർക്കുന്നവരെ കൊല്ലുക എന്ന നയമില്ല. എന്നാൽ കേരളത്തിൽ എതിർക്കുന്നവരെ കൊല്ലുകയും അടിച്ചമർത്തുകയും ചെയ്യുകയാണെന്ന് ഗിരിരാജ് സിങ് വിമർശിച്ചു.കേരളത്തിൽ തൊഴിലിലായ്മ രൂക്ഷമാണ്. ഇ ശ്രീധരന്റെ നേതൃത്വത്തിൽ മോദിയുടെ ദർശനങ്ങളാണ് കേരളത്തിൽ നടപ്പിലാക്കേണ്ടതെന്നും ഗിരിരാജ് സിങ് പറഞ്ഞു. ഇ ശ്രീധരന്റെ നേതൃതത്തിൽ മോദിയുടെ ദർശനങ്ങളാണ് കേരളത്തിൽ നടപ്പിലാക്കേണ്ടത്. കേരളത്തിൽ എൽഡിഎഫും യുഡിഎഫും രണ്ടു തരം പാമ്പുകളാണ്. ജനങ്ങൾക്ക് ആവശ്യം വികസനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഓരോ അപകടങ്ങൾ വരുമ്പോഴും കേന്ദ്ര സർക്കാർ സഹായങ്ങൾ നൽകുന്നുണ്ട്. സുനാമി സമയത്ത് നൽകുന്ന ഫണ്ട് ഉൾപ്പെടെ വഴിതിരിച്ചുവിട്ട് പാർട്ടി ഫണ്ട് ആക്കുകയാണ് ചെയ്‌തത്. രാഹുൽ ഗാന്ധി പറഞ്ഞത് യുഡിഎഫ് അധികാരത്തിൽ വന്നാൽ ഒരു ഫിഷറീസ് മന്ത്രാലയം രൂപീകരിക്കുമെന്നാണ്. എന്നാൽ അത്തരം ഒരു മന്ത്രാലയം നിലവിലുണ്ട്’ കേന്ദ്ര മന്ത്രി പറയുന്നു.

കണ്ണൂരിൽ തെരഞ്ഞെടുപ്പ് ക്രമക്കേടിന് സാധ്യത ഉള്ളതിനാൽ പ്രത്യേക നിരീക്ഷകരെയും കേന്ദ്ര സേനയെയും നിയമിക്കണം ഗിരിരാജ് സിങ് ആവശ്യപ്പെട്ടു. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുള്ള കേന്ദ്ര മന്ത്രി നേരത്തെ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. ഇടതുപക്ഷ സർക്കാർ ജനകീയ സർക്കാർ അല്ലെന്നും ഒരു കമ്മീഷൻ സർക്കാർ ആണെന്നും അദ്ദേഹം വിമർശിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Share via
Copy link
Powered by Social Snap