വാർ റൂമിന്റേത് എതിരാളികൾ പതറിപ്പോകുന്ന മുന്നേറ്റം’, സൈബര്‍ കോണ്‍ഗ്രസിന് മറുപടിയുമായി അനിൽ

കോണ്‍ഗ്രസിന്റെ ഐടി സെല്ലിന്റെ ചുമതല വഹിക്കുന്ന അനില്‍ കെ ആന്റണിക്ക് എതിരെ സൈബര്‍ കോണ്‍ഗ്രസ് എന്ന ഫേസ്ബുക്ക് പേജില്‍ വന്ന കുറിപ്പ് ചര്‍ച്ചയായിരിക്കുകയാണ്. എകെ ആന്റണിയുടെ മകന്‍ കൂടിയായ അനില്‍ ആണ് ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സൈബര്‍ പോരാട്ടങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. എന്നാല്‍ അനില്‍ ആന്റണിയെ കൊണ്ട് കോണ്‍ഗ്രസ് ഐടി സെല്ലിന് ഈ തിരഞ്ഞെടുപ്പില്‍ ഒരു ഗുണവും ഉണ്ടായില്ലെന്നാണ് പോസ്റ്റിലെ വിമര്‍ശനം. ഇതോടെ അനില്‍ തന്നെ മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ്.

അനിൽ കെ ആന്റണിയുടെ പ്രതികരണം: ” ചില സൈബർ കോൺഗ്രസ് ഗ്രൂപ്പുകൾ എനിക്കെതിരായി ദുരുദ്ദേശപരമായി പ്രചരണം നടത്തുന്ന വാർത്തകൾ ശ്രദ്ധയിൽ പെട്ടു. കോൺഗ്രസ് സൈബർ ടീം എന്ന പേരിലുള്ള പേജ് ഫേസ്ബുക്കിലെ നിരവധി കോൺഗ്രസ് അനുകൂല സംഘങ്ങളിൽ ഒന്നു മാത്രമാണ്. ഒരു കാരണവശാലും കോൺഗ്രസിൻ്റെ ഔദ്യോഗിക പേജ് അല്ല. ഔദ്യോഗിക പേജുകളുമായി ഒരു ബന്ധവുമില്ല.
പ്രസ്തുത പേജിൻ്റെ അഡ്മിനായ ശ്രീ. ടോണി ഏതാനും ആഴ്ച മുമ്പ് എന്നെ ബന്ധപ്പെടുകയും പേജിന് ഔദ്യോഗിക അംഗീകാരം നൽകണമെന്ന് അഭ്യർത്ഥിക്കുകയുമുണ്ടായി. കെ.പി.സി.സി നേതൃത്വം ഈ വിഷയത്തിൽ ചില മാനദണ്ഡങ്ങൾ സ്വീകരിച്ചിട്ടുള്ളതിനാൽ എല്ലാവർക്കും അംഗീകാരം നൽകുക പ്രയാസമാണ്. ചുരുങ്ങിയത് ഒരു ഡസനിലധികമെങ്കിലും വിവിധ ഫേസ്ബുക് പേജുകൾ പരസ്പരം ചളി വാരിയെറിയാതെയും, നേതൃത്വത്തിനെ അപകീർത്തിപ്പെടുത്താതെയും ഒന്നും പ്രതീക്ഷിക്കാതെ ഇതേ ശൃംഖലയിൽ പ്രവർത്തിക്കുന്നുണ്ട്.

പാർട്ടി നേതൃത്വത്തെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള ഇത്തരം അനൗദ്യോഗിക പേജുകളിലെ പോസ്റ്റുകൾ ചില മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച് മുന്നോട്ടു വരുന്നതിൽ വലിയ നിരാശയുണ്ട്‌. കേവലം ഒരു മാസം മുമ്പു മാത്രം സജ്ജമാക്കിയ കോൺഗ്രസ് വാർ റൂമും അനുബന്ധ ഔദ്യോഗിക ഹാൻഡിലുകളും പാർട്ടിക്കുവേണ്ടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.കോൺഗ്രസിൻ്റെ എതിരാളികൾ മിക്കപ്പോഴും പതറിപ്പോകുന്ന തരത്തിൽ സംഘം മുന്നേറ്റമുണ്ടാക്കി. അസാമാന്യ മികവു പ്രകടിപ്പിച്ച എൻ്റെ സംഘാംഗങ്ങളെയും, ആയിരക്കണക്കിനു നിസ്വാർത്ഥരായ പ്രവർത്തകരെയും ഈയവസരത്തിൽ നന്ദി പറയുകയും അഭിനന്ദിക്കുകയുമാണ്‌” എന്നാണ് അനിൽ ആന്റണി ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്ന പ്രതികരണം.മൂന്ന് ലക്ഷത്തോളം ഫോളോവേഴ്സ് ഉളള സൈബർ കോൺഗ്രസിന്റെ പേജിലാണ് അനിൽ ആന്റണിക്കെതിരെ രൂക്ഷ വിമർശനം വന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Share via
Copy link
Powered by Social Snap