ബംഗാളിൽ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷിന് നേര്‍ക്ക് ആക്രമണം, തൃണമൂൽ പ്രവർത്തകരെന്ന് ബിജെപി

പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷിന് നേര്‍ക്ക് ആക്രമണം. കൂച്ച് ബേഹര്‍ ജില്ലയില്‍ വെച്ചാണ് ദിലീപ് ഘോഷ് ആക്രമിക്കപ്പെട്ടത്. ഇഷ്ടികകളും ബോംബുകളും ഉപയോഗിച്ചാണ് ആക്രമണം നടന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ബേഹാറിലെ സിതല്‍കുച്ചി മേഖലയില്‍ ഒരു തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് തിരിച്ച് പോകവേയാണ് ദിലീപ് ഘോഷ് ആക്രമിക്കപ്പെട്ടത്. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആണ് ആക്രമണം നടത്തിയത് എന്നാണ് ബിജെപി ആരോപിക്കുന്നത്. ആക്രമണത്തിന്റെ വീഡിയോ ദിലീപ് ഘോഷ് പങ്കുവെച്ചിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദിലീപ് ഘോഷിന്റെ കാറിന്റെ ചില്ലുകള്‍ തകര്‍ത്തതായി ബിജെപി ആരോപിച്ചു. കാറിന്റെ ചില്ല് തകര്‍ന്നിരിക്കുന്നതായി ദിലീപ് ഘോഷ് പങ്കുവെച്ച വീഡിയോയില്‍ കാണാവുന്നതാണ്. ഇഷ്ടിക ഉപയോഗിച്ച് തന്നെ എറിഞ്ഞ് പരിക്കേല്‍പ്പിച്ചതായി ദിലീപ് ഘോഷ് വ്യക്തമാക്കി.

ആക്രമണത്തിന് ശേഷം ദിലീപ് ഘോഷ് സുരക്ഷയ്ക്കായി തലയില്‍ ഹെല്‍മെറ്റ് ധരിച്ചിരിക്കുന്നതും ദൃശ്യത്തില്‍ കാണാം. സമീപ പ്രദേശത്ത് മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് മടങ്ങിപ്പോവുകയായിരുന്ന തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ചിലര്‍ ദിലീപ് ഘോഷിന്റെ റാലിയില്‍ പങ്കെടുത്ത് തിരിച്ച് പോവുകയായിരുന്ന ബിജെപി പ്രവര്‍ത്തകരുമായി ഏറ്റുമുട്ടി. അതിനിടെയാണ് ദിലീപ് ഘോഷ് ആക്രമിക്കപ്പെട്ടത്.താന്‍ കാറില്‍ ഇരിക്കുമ്പോഴാണ് ഇഷ്ടികയും ബോംബുകളും വടികളുമായി തൃണമൂലിന്റെ കൊടികള്‍ ഏന്തിയ ആളുകള്‍ ആക്രമിച്ചത് എന്നും അതൊരു താലിബാന്‍ ആക്രമണം പോലെ ആയിരുന്നുവെന്നും ദിലീപ് ഘോഷ് പ്രതികരിച്ചു. നിരവധി നാടന്‍ ബോംബുകള്‍ കാറിന് നേര്‍ക്ക് എറിഞ്ഞുവെന്നും പോലീസ് തങ്ങളെ സംരക്ഷിക്കാന്‍ ഒന്നും ചെയ്തില്ലെന്നും ദിലീപ് ഘോഷ് ആരോപിച്ചു. ഏപ്രില്‍ പത്തിന് നാലാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളിലൊന്നാണ് കൂച്ച് ബേഹാര്‍.

3 thoughts on “ബംഗാളിൽ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷിന് നേര്‍ക്ക് ആക്രമണം, തൃണമൂൽ പ്രവർത്തകരെന്ന് ബിജെപി

Leave a Reply

Your email address will not be published. Required fields are marked *

Share via
Copy link
Powered by Social Snap