തലശേരിയിൽ പ്രവർത്തകർ മന:സാക്ഷി വോട്ടു ചെയ്യുമെന്ന് ബിജെപി

സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശ പത്രിക തള്ളിപ്പോയ തലശേരി നിയമസഭാ മണ്ഡലത്തിൽ മനഃസാക്ഷി വോട്ടിന് ബി.ജെ.പി ജില്ലാ നേതൃത്വം പാർട്ടി പ്രവർത്തകരോട് ആഹ്വാനം ചെയ്യുന്നതായി ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി കെ.കെ വിനോദ് കുമാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.എന്നാൽ കോൺഗ്രസ് -സി.പിഎം പാർട്ടികൾ നേതൃത്വം നൽകുന്ന മുന്നണികൾക്ക് വോട്ടു ചെയ്യില്ല.തലശേരിയിൽ ഒട്ടേറെ ബലിദാനികളുണ്ടായത് സി.പി.എമ്മിൻ്റെ അക്രമ രാഷ്ട്രീയം കൊണ്ടാണ്. അതിനാൽ സി.പി.എമ്മിനെ എതിർക്കുകയെന്നതാണ് നയം.ആർ.എസ്.എസിനെയും സംഘ് പരിവാർ പ്രസ്ഥാനങ്ങളെയും പുച്ഛത്തോടെ സംസാരിക്കുന്നയാളാണ് വടകര എം.പി കെ.മുരളീധരൻ ഇപ്പോൾ അദ്ദേഹം നേമത്ത് പോയി മത്സരിക്കുന്നത് ബി.ജെ.പിയുടെ അക്കൗണ്ട് പൂട്ടിക്കാനാണ് തലശേരിയിൽ എൻ.ഡി.എ സ്ഥാനാർത്ഥിയുടെ പത്രിക തള്ളിച്ചത് കോൺഗ്രസ് വാദത്തെ തുടർന്നാണ് കോടതിയിലും കോൺഗ്രസ് പത്രിക തള്ളുന്നതിനായി വാദിച്ചു. അതു കൊണ്ട് തലശേരിയിൽ ഒരു കാരണവശാലും ബി.ജെ.പി കോൺഗ്രസിനും സി.പി.എമ്മിനും വോട്ടു ചെയ്യില്ല. സി.ഒ.ടി നസീർ ഇങ്ങോട്ട് വന്നിട്ടാണ് എൻ.ഡി.എയുടെ പിൻതുണ തേടിയത്.

എൻ.ഡി.എയ്ക്ക് സ്ഥാനാർത്ഥിയില്ലാത്തതിനാൽ തനിക്ക് വോട്ടുതരണമെന്ന് അറിയിച്ചു.ഇതനുസരിച്ചാണ് നസീറിന് പിൻതുണ നൽകാൻ സംസ്ഥാന നേതൃത്വം തയ്യാറായത്. എന്നാൽ പി.ജയരാജൻ്റ ഇടപെടൽ കാരണം അവസാനം നസീർ പിൻമാറുകയായിരുന്നുവെന്ന് വിനോദ് കുമാർ പറഞ്ഞു കണ്ണുർ ജില്ലയിൽ ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ വ്യാപകമായി നശിപ്പിക്കുകയാണ്.ഇതിനെതിരെ പരാതി നൽകിയിട്ടും ഇലക്ഷൻ കമ്മിഷൻ നടപടിയെടുക്കുന്നില്ലെന്നും വിനോദ് കുമാർ ആരോപിച്ചു.

നിരോധനം ലംഘിച്ച് ബൈക്ക് റാലിയും കൊട്ടിക്കലാശവും നടത്തിയ എൽ ഡി എഫിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും വിനോദ് കുമാർ ആവശ്യപ്പെട്ടു. ധർമ്മടം മണ്ഡലത്തിൽ ഇടതുമുന്നണി സ്ഥാനാർത്ഥി മുഖ്യമന്ത്രി പിണറായി വിജയൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിരോധനം ലംഘിച്ച് പ്രചരണം നടത്തിയതായി ബിജെപി കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി കെ കെ വിനോദ് കുമാർ ചുണ്ടിക്കാട്ടി. കൊട്ടിക്കലാശത്തിനും റോഡ് ഷോയ്ക്കും കഴിഞ്ഞ ദിവസം മുതൽ ബൈക്ക് റാലി നിരോധിച്ചിരുന്നു. എന്നാൽ ഇരുന്നൂറിലധികം ഇരുചക്രവാഹനങ്ങളുമായി മുഖ്യമന്ത്രി കൂടിയായിട്ടുള്ള ഇടത് സ്ഥാനാർഥി പ്രചാരണം നടത്തിയത് ഗൗരവകരമാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ എല്ലാ ഉത്തരവുകളും ലംഘിച്ചുകൊണ്ടായിരുന്നു പ്രചരണം. നിരോധനം ലംഘിച്ച് കൊണ്ട് പ്രചരണം നടത്തിയതിന് പോലീസ് അകമ്പടിയും നൽകിയിരുന്നു. കമ്മീഷന്റെഉത്തരവുകൾ നടപ്പിലാക്കേണ്ട ആഭ്യന്തരമന്ത്രി കൂടി ആയിട്ടുള്ള മുഖ്യമന്ത്രി നിരോധനം ലംഘിച്ചു പ്രചരണം നടത്തിയതിന് നിയമ നടപടി സ്വീകരിക്കണമെന്ന് കെ.കെ. വിനോദ് കുമാർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Share via
Copy link
Powered by Social Snap