ഇന്ത്യയിലെ അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെതിരെ ബൈറ്റ്ഡാന്‍സ് കോടതിയില്‍

ചൈനീസ് കമ്പനിയായ ബൈറ്റ്ഡാന്‍സിന്റെ പ്രവര്‍ത്തനം ഇന്ത്യയില്‍ വലിയ പ്രതസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. ചൈനീസ് ആപ്പുകള്‍ നിരോധിച്ചപ്പോള്‍ ഏറ്റവും വലിയ തിരിച്ചടി കിട്ടിയത് ബൈറ്റ് ഡാന്‍സിനായിരുന്നു. ഷോര്‍ട്ട് വീഡിയോ ആപ്പ് ആയ ടിക് ടോക്കും സാമൂഹ്യ മാധ്യമമായ ഹലോയും എല്ലാം ബൈറ്റ് ഡാന്‍സിന്റേതായിരുന്നു. ഇപ്പോള്‍ പുതിയൊരു പരാതിയുമായിട്ടാണ് ബൈറ്റ് ഡാന്‍സ് രംഗത്ത് വന്നിരിക്കുന്നത്. അവരുടെ ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചത് സംബന്ധിച്ചാണ് പരാതി.

നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണങ്ങളുടെ ഭാഗമായിട്ടാണ് ബൈറ്റ് ഡാന്‍സിന്റെ ബാങ്ക് അക്കൗണ്ടുകള്‍ ഇന്ത്യ മരവിപ്പിച്ചത്. എന്നാല്‍ ആ നടപടി നിയമവിരുദ്ധമാണെന്നാണ് ബൈറ്റ് ഡാന്‍സിന്റെ വാദം.വലിയ പ്രതിസന്ധികളിലൂടെ ആണ് ബൈറ്റ് ഡാന്‍സ് ഇന്ത്യ കടന്നുപോകുന്നത്. ടിക് ടോക്കും ഹലോയും നിരോധിച്ചതിന് പിറകെ, കഴിഞ്ഞ ജനുവരിയില്‍ ബൈറ്റ് ഡാന്‍സ് അവരുടെ ഇന്ത്യയിലെ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചിരുന്നു. ഇന്ത്യയിലെ ഏറ്റവും ജനപ്രയി ഷോര്‍ട്ട് വീഡിയോ ആപ്പ് ആയിരുന്നു ടിക് ടോക്.

മുംബൈ ഹൈക്കോടതിയെ ആണ് അക്കൗണ്ടുകള്‍ മരവിപ്പിച്ച വിഷയത്തില്‍ ബൈറ്റ് ഡാന്‍സ് സമീപിച്ചിരിക്കുന്നത്. മാര്‍ച്ച് പകുതിയോടെ ആയിരുന്നു മുംബൈയിലെ എച്ച്എസ്ബിസി ബാങ്കിലും സിറ്റി ബാങ്കിലും ഉള്ള ബൈറ്റ് ഡാന്‍സ് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ടാക്‌സ് ഇന്റലിജന്‍സ് യൂണിറ്റ് നിര്‍ദ്ദേശം നല്‍കിയത്.

അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടി തികച്ചും തെറ്റാണന്നാണ് ഇവരുടെ വാദം. ഒരു ഭൗതികെ തെളിവുകളും ഇല്ലാതെയാണ് തങ്ങളുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചത് എന്നാണ് കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ബൈറ്റ് ഡാന്‍സ് പറയുന്നത്. അത് മാത്രമല്ല, അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നത് സംബന്ധിച്ച് ഒരു മുന്നറിയിപ്പും നല്‍കിയിരുന്നില്ല എന്നും അവര്‍ പറയുന്നു.എന്തായാലും ബൈറ്റ് ഡാന്‍സിന്റെ ഹര്‍ജിയ്ക്ക് അടിയന്തര പരിഗണനയൊന്നും കോടതി നല്‍കിയിട്ടില്ല. അടുത്ത ആഴ്ച കേസ് വീണ്ടും പരിഗണിക്കുന്നുണ്ട്. ഏപ്രില്‍ 6, ചൊവ്വാഴ്ച ആയിരിക്കും കേസ് വീണ്ടും പരിഗണിക്കുക എന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

Share via
Copy link
Powered by Social Snap